അസീസിയിലെ വി. ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷിക സ്മരണയ്ക്കായി ‘വിശുദ്ധ ഫ്രാൻസിസിന്റെ പ്രത്യേക വർഷം’ പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. 2027 ജനുവരി വരെ നീണ്ടുനിൽക്കുന്ന ഈ ഫ്രാൻസിസ്കൻ ജൂബിലിവർഷം വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാനുള്ള അവസരവും പ്രദാനം ചെയ്യുന്നു.
സാർവത്രികസഭയ്ക്ക് ഒരു സമ്മാനമായും യഥാർഥ ആത്മീയനവീകരണത്തിനുള്ള അവസരമായും കണക്കാക്കപ്പെടുന്ന ഈ ഫ്രാൻസിസ്കൻ ജൂബിലിവർഷം ജനുവരി പത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്തോലിക് പെനിറ്റൻഷ്യറി പുറപ്പെടുവിച്ച ഒരു ഉത്തരവോടെ ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം ജനുവരി പത്തുവരെ വിശ്വാസികൾക്ക് ലോകത്തിലെവിടെയുമുള്ള ഏതെങ്കിലും ഫ്രാൻസിസ്കൻ കൺവെൻച്വൽ പള്ളിയിലോ, വി. ഫ്രാൻസിസിനു സമർപ്പിച്ചിരിക്കുന്ന ആരാധനാലയത്തിലോ തീർഥാടനം നടത്തി – കുമ്പസാരം, വിശുദ്ധ കുർബാന, മാർപാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർഥന – പൂർണ്ണ ദണ്ഡവിമോചനം നേടാൻ കഴിയും.
കൂടാതെ, പ്രായമായവർക്കും രോഗികൾക്കും ഗുരുതരമായ കാരണങ്ങളാൽ വീടുകൾ വിട്ടുപോകാൻ കഴിയാത്തവർക്കും ജൂബിലി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരുകയും അവരുടെ പ്രാർഥനകൾ, വേദനകൾ അല്ലെങ്കിൽ കഷ്ടപ്പാടുകൾ ദൈവത്തിനു സമർപ്പിക്കുകയും ചെയ്തുകൊണ്ട് പൂർണ്ണ ദണ്ഡവിമോചനം നേടാം.



