കുറച്ചു ദിവസങ്ങളായി ചൈനയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വ്യത്യസ്തമായ ഐഫോൺ ആപ്പാണ് ‘സിലെമെ’ (Sileme). ‘നീ മരിച്ചോ?’ എന്നാണ് സിലെമെ എന്ന ചൈനീസ് വാക്കിന് അർഥം. ഇതിന്റെ പേര് കേട്ട് ആരും ഞെട്ടരുത്. കാരണം, ഇത് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷ മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ആപ്പാണ്.
സിലെമെ എന്നത് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു സുരക്ഷാ ആപ്പാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത വ്യക്തി തുടർച്ചയായി രണ്ട് ദിവസം ആപ്പിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ‘ചെക്ക്-ഇൻ’ ചെയ്യാതിരിക്കുകയോ ആണെങ്കിൽ, ആ വ്യക്തി അപകടത്തിലാണെന്ന വിവരം ആപ്പ്, മുൻകൂട്ടി നിശ്ചയിച്ച പ്രിയപ്പെട്ടവർക്ക് അയക്കും. 2025 മെയ് മാസത്തിൽ പുറത്തിറങ്ങിയ ഈ ആപ്പ് നിലവിൽ ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തുള്ള പെയ്ഡ് ആപ്പ് ആയി മാറിയിരിക്കുകയാണ്. ഏകദേശം 12,400-ൽ അധികം ആളുകൾ നിലവിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 8 യുവാൻ (ഏകദേശം 103 ഇന്ത്യൻ രൂപ) ആണ് ഈ ആപ്പിന്റെ വില.



