സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൻറെ  എ.ഐ ടൂൾ ഗ്രോക്കിന്റെ ദുരുപയോഗത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. ഇതു സംബന്ധിച്ച ആശങ്കകൾ ഇന്ത്യൻ സർക്കാരും എക്സിനെ  അറിയിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ എക്‌സ് വീഴ്ച സമ്മതിക്കുകയും ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്ന് സർക്കാരിന് ഉറപ്പ് നൽകുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്.

ഇതിൻറെ ഭാഗമായി എക്സ് ഏകദേശം  3500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുകയും ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 600-ലധികം അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്തു. ഇനി മുതൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അശ്ലീല ചിത്രങ്ങൾ അനുവദിക്കില്ലെന്നും എക്സ് അറിയിച്ചിട്ടുണ്ട്. വീഴ്ചകൾ സംഭവിച്ചതായി സമ്മതിച്ചതോടെ തിരുത്താനുള്ള നടപടികളും പ്ലാറ്റ്ഫോം സ്വീകരിച്ച് വരികയാണ്.

ഇന്ത്യൻ നിയമപ്രകാരമുള്ള നിയമപരമായ ബാധ്യതകൾ പാലിക്കാൻ പ്ലാറ്റ്‌ഫോമിന് 72 മണിക്കൂർ സമയം അനുവദിച്ചുകൊണ്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ജനുവരി രണ്ടിന് എക്‌സിന് ഒരു കത്ത് നൽകിയിരുന്നു. ഈ കത്തിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.

വിവാദമായത് ‘ബിക്കിനി ട്രെൻഡ്’ 

എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ എഐ ചാറ്റ്‌ബോട്ട് ഗ്രോക്ക് ഏതാനും ദിവസങ്ങളായി വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ‘ബിക്കിനി ട്രെൻഡ്’ വൈറലായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.  വിവിധ വിഷയങ്ങളെ കുറിച്ച് അന്വേഷിക്കാനും ആളുകൾ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതിനാൽ, ചാറ്റ്‌ബോട്ടിന്റെ മറ്റ് ഉപയോഗങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചു.