നൈജീരിയൻ പട്ടണമായ പാപ്പിരിയിലെ സെന്റ് മേരീസ് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിച്ചതിനുശേഷം, സ്കൂൾ നടത്തുന്ന സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസ്തൽസ് (ഒ എൽ എ) വളരെ ബുദ്ധിമുട്ടു നിറഞ്ഞ കാലയളവിൽ ലഭിച്ച പിന്തുണയ്ക്ക് അഗാധമായ നന്ദി രേഖപ്പെടുത്തി. “ആഴ്ചകൾ നീണ്ട ഭയം, അനിശ്ചിതത്വം, പ്രാർഥന എന്നിവയ്ക്ക് ശേഷം എല്ലാവരും സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയതിൽ ഞങ്ങൾ ആഴമായ ആശ്വാസവും നന്ദിയും പ്രകടിപ്പിക്കുന്നു,” ഒ എൽ എ സിസ്റ്റേഴ്സിന്റെ ജെനറൽ സിസ്റ്റർ മേരി ടി. ബാരൺ പറഞ്ഞു.
“തട്ടിക്കൊണ്ടുപോകലിന്റെ ആദ്യ മണിക്കൂറുകൾ മുതൽ, ഒ എൽ എ സന്യാസിനീ സമൂഹം, കോണ്ടഗോറ രൂപതയിലെ പ്രാദേശിക സഭ, പാപ്പിരി കുടുംബങ്ങൾ, നൈജീരിയയിലുടനീളമുള്ള സമൂഹങ്ങൾ എന്നിവരോടൊപ്പം പ്രാർഥിക്കുകയായിരുന്നു. ഈ വേദനാജനകമായ സമയത്ത് ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ നന്ദി അറിയിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
ഈ പ്രാർഥനകൾ തടവിലായിരുന്നവരെയും അവരുടെ കുടുംബങ്ങളെയും ശക്തിപ്പെടുത്തിയതായും അവർ പറഞ്ഞു. ലോകമെമ്പാടുമുള്ള സന്യാസ സമൂഹങ്ങൾ, ജാഗരണ പ്രാർഥനകൾ, ജപമാലകൾ, ഉപവാസ ദിനങ്ങൾ എന്നിവ സംഘടിപ്പിച്ചതിന് തങ്ങൾ നന്ദിയുള്ളവരാണെന്ന് സിസ്റ്റേഴ്സ് പറഞ്ഞു. കുട്ടികളും ജീവനക്കാരും അനുഭവിച്ച ആഘാതത്തിൽ നിന്ന് സുഖം പ്രാപിക്കുന്നതിനുള്ള നീണ്ട പ്രക്രിയ ആരംഭിക്കുമ്പോൾ, ഇനിയും പ്രാർഥന തുടരാനും അവർ ആവശ്യപ്പെട്ടു.
തടവുകാരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നതിന് ഞങ്ങൾ ദൈവത്തിനും പാപ്പിരി സമൂഹത്തിന്റെ ധൈര്യത്തിനും ഞങ്ങൾ നന്ദി പറയുന്നു. നൈജീരിയയിൽ ഇപ്പോഴും തടവിൽ കഴിയുന്ന നിരവധി ആളുകൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കാറുണ്ടെന്നും അവർ പറഞ്ഞു.



