രാജ്യത്ത് ഏത് നഗരത്തിലാണ് ഏറ്റവും കൂടുതൽ മലിന വായു ഉള്ളത് എന്ന ചോദ്യത്തിന് പലരും ഉത്തരം നൽകുന്നത് ഡൽഹി എന്നായിരിക്കും. എന്നാൽ ആ റെക്കോർഡ് ഡൽഹിക്കല്ല. മറ്റൊരു ഇന്ത്യൻ നഗരത്തിന് എന്നാണ് പുതിയ റിപ്പോർട്ട്.
രാജ്യത്തെ മലിനീകരണ നിയന്ത്രണം എത്രത്തോളം ഫലപ്രദമായി ആവശ്യമുള്ള ഇടങ്ങളിൽ എത്തുന്നു എന്നതിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. PM2.5 മലിനീകരണത്തിൻറെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം മേഘാലയിലാണെന്നാണ് റിപ്പോർട്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയും മൂന്നാം സ്ഥാനത്ത് ഗാസിയാബാദുമാണ്.
ഏറ്റവും മലിനമായ നഗരം അസം, മേഘാലയ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബൈർണിഹട്ട് ആണ്.
കൂടാതെ, സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) നടത്തിയ പുതിയ വിശകലനം അനുസരിച്ച്, 190 ഇന്ത്യൻ നഗരങ്ങൾ വാർഷിക PM10 സുരക്ഷാ പരിധി കടന്നതായാണ് പറയുന്നത്. അതേസമയം 103 നഗരങ്ങൾ വാർഷിക PM2.5 മാനദണ്ഡം കടന്നു.
ഉപഗ്രഹ ഡാറ്റയും ഭൂഗർഭ നിരീക്ഷണവും ഉപയോഗിച്ച് ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള ദീർഘകാല വായു മലിനീകരണ പ്രവണതകൾ ട്രാക്ക് ചെയ്യുന്ന CREA യുടെ Tracing the Hazy Air 2026 വിലയിരുത്തലിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ.
ഇന്ത്യൻ നഗരങ്ങളിലെ മലിനീകരണത്തിൻറെ തോത്
ഇന്ത്യയിലെ 4,041 നിയമപരമായ പട്ടണങ്ങളിലെ PM2.5 മലിനീകരണ തോത് CREA വിലയിരുത്തി. ഇതിൽ 1,787 നഗരങ്ങൾ 2019 നും 2024 നും ഇടയിൽ എല്ലാ വർഷവും ദേശീയ വാർഷിക PM2.5 നിലവാരം മറികടന്നിട്ടുണ്ട്. കോവിഡ് മഹാമാരി ഭീതി വിതച്ച 2020ൽ ഒഴികെ.
ഇതിനർത്ഥം ഏകദേശം 44 ശതമാനം ഇന്ത്യൻ നഗരങ്ങളും chronic non-attainment വിഭാഗത്തിലാണ്. തുടർച്ചയായി 5 വർഷത്തിലേറെയായി ദേശീയ സുരക്ഷിത വായു ഗുണനിലവാര മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ട നഗരങ്ങൾക്ക് നൽകുന്ന ഒരു പദവിയാണിത്.
ഇത്തരത്തിൽ ഏറ്റവും chronic non-attainment നഗരങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ് (416 ). തൊട്ടുപിന്നിൽ രാജസ്ഥാൻ (158), ഗുജറാത്ത് (152), മധ്യപ്രദേശ് (143), പഞ്ചാബ്, ബീഹാർ (136 വീതം), പശ്ചിമ ബംഗാൾ (124) എന്നീ സംസ്ഥാനങ്ങളാണ്.
എന്തുകൊണ്ട് ബൈർണിഹട്ടിൽ വായു ഇത്രയും മലിനമാകുന്നത്?
ഡിസ്റ്റിലറികൾ, ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾ, സിമൻറ് ഫാക്ടറികൾ, പാനീയ ഉൽപാദന യൂണിറ്റുകൾ തുടങ്ങിയ പ്രധാന വ്യവസായങ്ങൾ ഇവിടെയുണ്ട്.
ഏകദേശം 49.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടെ, വലിയ അളവിൽ സൂക്ഷ്മകണികകൾ പുറന്തള്ളുന്ന ഏകദേശം 41 ഫാക്ടറികൾ ഉള്ളതായാണ് കണക്ക്.
മേഖലയിൽ മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ അഭാവവും അധികാരികളുടെ ഇടപെടലുകളിലെ കുറവും മലിനീകരണത്തിന്റെ തോത് വളരെക്കാലം തിരിച്ചറിയാൻ കഴിയാത്തതാക്കി.
വായു മലിനീകരണ നിയന്ത്രണം
CREA പഠനം മറ്റൊരു ആശങ്കാജനകമായ കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിരമായി മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ, ഏകദേശം 4 ശതമാനം മാത്രമേ നിലവിൽ നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന് (NCAP) കീഴിൽ വരുന്നുള്ളൂ. ഇത് രാജ്യത്തിന്റെ ക്ലീൻ എയർ തന്ത്രത്തിന്റെ വ്യാപ്തിയും ഫലപ്രാപ്തിയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
പ്രധാന മലിനീകരണ സ്രോതസ്സുകൾക്കെതിരായ ശക്തമായ, സഹകരണ ശ്രമങ്ങളിലൂടെയും കർശന നടപടികളിലൂടെയും ഏറ്റവും മലിനമായ പ്രദേശങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കുന്നതിനായി 2019 ൽ ആരംഭിച്ച ഒരു സംരംഭമാണ് NCAP.
പ്രധാന നഗര കേന്ദ്രങ്ങളിൽ മലിനീകരണത്തിന്റെ തോത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, NCAP നിലവിൽ 130 നഗരങ്ങളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ, അവയിൽ 67 എണ്ണം മാത്രമാണ് വിശകലനത്തിൽ തിരിച്ചറിഞ്ഞ സ്ഥിരമായി മലിനീകരണമുള്ള നഗരങ്ങളുമായി ഒത്തുപോകുന്നത്.
വായു മലിനീകരണ നിയന്ത്രണം ചെറിയൊരു ഭാഗം മാത്രമേ അഭിമുഖീകരിക്കുന്നുള്ളുവെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
സമ്മിശ്ര പുരോഗതി
NCAP നിലവിൽ ഉൾക്കൊള്ളുന്നു 130 നഗരങ്ങളിൽ 28 എണ്ണത്തിലും തുടർച്ചയായ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ ഇല്ല. നിരീക്ഷണമുള്ള 102 നഗരങ്ങളിൽ, മലിനീകരണ പ്രവണതകൾ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
23 നഗരങ്ങൾ പുതുക്കിയ 40 ശതമാനം PM10 കുറയ്ക്കൽ ലക്ഷ്യം കൈവരിച്ചപ്പോൾ, 2019 ൽ പരിപാടി ആരംഭിച്ചതിന് ശേഷം മറ്റ് 23 നഗരങ്ങൾ PM10 ലെവലിൽ വർദ്ധനവ് രേഖപ്പെടുത്തി.
ബാക്കിയുള്ളവ മിതമായതോ കുറഞ്ഞതോ ആയ പുരോഗതിയാണ് കാണിച്ചത്. ഇത് നിലവിലെ ഇടപെടലുകളുടെ പരിമിതികളെയാണ് അടിവരയിടുന്നത്.
മലിനീകരണവും ഫണ്ട് വിനിയോഗവും
പദ്ധതി ആരംഭിച്ചത് മുതൽ 13,415 കോടി രൂപ അനുവദിച്ചു, ഫണ്ടിന്റെ 74 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ.
ചെലവഴിച്ച തുകയുടെ 68 ശതമാനം റോഡിലെ പൊടി നിയന്ത്രിക്കാനും 14 ശതമാനം ഗതാഗതത്തിനും, 12 ശതമാനം ജൈവ മാലിന്യങ്ങൾ കത്തിക്കാനുമാണ് ചെലവഴിച്ചത്.
എന്നാൽ വ്യവസായങ്ങൾ, ഗാർഹിക ഇന്ധന ഉപയോഗം തുടങ്ങിയ മലിനീകരണം കുറയ്ക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ട മേഖലകൾക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.
വിദഗ്ധരുടെ അഭിപ്രായം
ശാസ്ത്രാധിഷ്ഠിത പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ വായു ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള ഏക മാർഗമെന്നാണ് CREA യിലെ വിശകലന വിദഗ്ദ്ധനായ മനോജ് കുമാർ പറയുന്നത്.
PM10 നേക്കാൾ PM2.5 നും അതിന് കാരണമാകുന്ന വാതകങ്ങൾക്കും (SO2, NO2) മുൻഗണന നൽകുക, NCAP പ്രകാരം എത്തിച്ചേരാത്ത നഗരങ്ങളുടെ പട്ടിക പരിഷ്കരിക്കുക, വ്യവസായങ്ങൾക്കും പവർ പ്ലാന്റുകൾക്കും കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കുക, ഉറവിട വിഭജന പഠനങ്ങളെ അടിസ്ഥാനമാക്കി ധനസഹായം അനുവദിക്കുക, പ്രാദേശിക തലത്തിൽ വായു മലിനീകരണം പരിഹരിക്കുന്നതിന് ഒരു എയർഷെഡ് അധിഷ്ഠിത സമീപനം സ്വീകരിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ഇന്ത്യയുടെ വായു മലിനീകരണ പ്രശ്നം ഘടനാപരവും വർഷം മുഴുവനും നിലനിൽക്കുന്നതുമാണെന്ന വർദ്ധിച്ചുവരുന്ന അഭിപ്രായങ്ങൾക്ക് ഈ വിശകലനം ആക്കം കൂട്ടുന്നു. ഇത് ഒരൊറ്റ സ്രോതസ്സിന്റെ ഫലമല്ല, മറിച്ച് ഗതാഗതം, വ്യവസായം, വൈദ്യുതി ഉൽപ്പാദനം എന്നിവയാൽ സംഭവിക്കുന്നതാണ്.
NCAP യുടെ കവറേജ് വികസിപ്പിക്കുകയും ഉറവിടത്തിൽ തന്നെ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുനഃപരിശോധിക്കുകയും ചെയ്തില്ലെങ്കിൽ, ദശലക്ഷക്കണക്കിന് നഗരവാസികൾ വിഷവായു ശ്വസിക്കുന്നത് തുടരുകയും ഒടുവിൽ ആരോഗ്യപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും.



