സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ദിനങ്ങളെത്തുന്നു. കേരളത്തിൽ ജനുവരി 9 മുതൽ 12 വരെയുള്ള തീയതികളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനുവരി  10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്നേദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ടുകൊണ്ട് അർത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും  അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും  മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം (Depression) അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ചു.