കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന നിരീക്ഷകനായി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ നിയമിച്ച് കോൺഗ്രസ്. പൈലറ്റിനൊപ്പം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിരീക്ഷകരായി കർണാടക മന്ത്രി കെ.ജെ. ജോർജ്, രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹി, പാർട്ടി നേതാവ് കനയ്യ കുമാർ എന്നിവരെയും നിയമിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുതിർന്ന പാർട്ടി നിരീക്ഷകരായി മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും നിയമിച്ചിട്ടുണ്ട്.
ബാഗേലിനും ശിവകുമാറിനും പുറമേ, കോൺഗ്രസ് നേതാവ് ബന്ധു ടിർക്കിയും അസം തെരഞ്ഞെടുപ്പിനുള്ള നിരീക്ഷകരായിരിക്കും. തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്, ഖാസി മുഹമ്മദ് നിസാമുദ്ദീനോടൊപ്പം മുതിർന്ന പാർട്ടി നേതാവ് മുകുൾ വാസ്നിക്, തെലങ്കാന മന്ത്രി ഉത്തം കുമാർ റെഡ്ഡി എന്നിവരെയും മുതിർന്ന നിരീക്ഷകരാക്കി.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുതിർന്ന നിരീക്ഷകരായി സുദീപ് റോയ് ബർമൻ, ഷക്കീൽ അഹമ്മദ് ഖാൻ, പ്രകാശ് ജോഷി എന്നിവരെ കോൺഗ്രസ് നിയമിച്ചു. മെയ്, ജൂൺ മാസങ്ങളിൽ അതത് നിയമസഭകളുടെ കാലാവധി അവസാനിക്കാനിരിക്കുന്നതിനാൽ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് നടക്കും.



