ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഭൂന ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ധനി ഭോജ്രാജ് ഗ്രാമത്തിൽ ഇപ്പോൾ ആഘോഷങ്ങളുടെ സമയമാണ്. ഒരു ആൺകുഞ്ഞ് പിറന്നതിനാണ് ഗ്രാമവാസികൾ ഇത്രയേറെ സന്തോഷിക്കുന്നത്. സാധാരണ ഗതിയിൽ ഇതിൽ വലിയ അത്ഭുതം തോന്നേണ്ടതില്ലെങ്കിലും, ഈ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോഴാണ് സവിശേഷത വ്യക്തമാകുന്നത്. നീണ്ട 19 വർഷത്തെ കാത്തിരിപ്പിനും 10 പെൺമക്കൾക്കും ശേഷമാണ് ഈ കുടുംബത്തിലേക്ക് പതിനൊന്നാമനായി ഒരു ആൺകുഞ്ഞ് എത്തിയത്.

ധനി ഭോജ്രാജ് നിവാസികളായ സഞ്ജയും ഭാര്യ സുനിതയും വിവാഹിതരായിട്ട് 19 വർഷമായി. വിവാഹജീവിതത്തിന്റെ തുടക്കം മുതൽ ഒരു ആൺകുട്ടിയെ ഇവർ ആഗ്രഹിച്ചിരുന്നുവെങ്കിലും കാലക്രമേണ ഇവർക്ക് 10 പെൺമക്കളാണ് ഉണ്ടായത്. തന്റെ പെൺമക്കളെ ഒരിക്കലും ഒരു ഭാരമായി കണ്ടിരുന്നില്ലെന്ന് പിതാവ് സഞ്ജയ് പറയുന്നു.