നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ ഒരു മാർക്കറ്റിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും പ്രദേശത്തെ കടകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ശനിയാഴ്ച, കസുവാൻ-ദാജി ഗ്രാമത്തിനടുത്തുള്ള ഒരു വനത്തിൽ നിന്നാണ് അക്രമികൾ വന്നത്.

“ബൈക്കുകളിലെത്തിയ തോക്കുധാരികളായ അക്രമികൾ പട്ടണത്തിൽ പ്രവേശിച്ച് ആളുകളെ വളഞ്ഞിട്ട് കൊലപ്പെടുത്താൻ തുടങ്ങുകയായിരുന്നു. മുന്നിൽ കണ്ടവരെയെല്ലാം അവർ വെടിവച്ചു കൊന്നു” – അധികൃതർ പറഞ്ഞു. സായുധ ക്രിമിനൽസംഘങ്ങളുടെ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയിൽ വർഷങ്ങളായുള്ള ഒരു പ്രശ്നമാണ്. പ്രദേശത്തെ ആളുകൾ പരിഭ്രാന്തരാണെന്നും അവർ കൂട്ടിച്ചേർത്തു. “അവർ ഒളിച്ചിരിക്കുകയാണ്. ആരോടെങ്കിലും സംസാരിക്കാൻപോലും അവർക്ക് ഭയമാണ്” – അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരെ സഹായിക്കാൻ ഒരു അടിയന്തരസംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാൻ സുരക്ഷാസേന പ്രവർത്തിക്കുന്നുണ്ടെന്നും നൈജർ സംസ്ഥാന പൊലീസ് വക്താവ് വാസിയു അബിയോഡൂൺ പറഞ്ഞു