സംസ്ഥാനത്തെ സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,00,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാമിന് 145 രൂപ കൂടി 12,595 രൂപയിലെത്തി. ഡിസംബർ 23-നും സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 

ഇന്നലെ പവന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഞായറാഴ്ചകളിൽ പൊതുവെ സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. എന്നാൽ തലേന്ന് വില ഇടിഞ്ഞിരുന്നു. 

മുൻ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. ഇത് യാഥാർത്ഥ്യമായതോടെ പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കുമാണ് വലിയ തിരിച്ചടി.