നാഗ്പൂർ: ക്രിസ്മസ് പ്രാർഥനയ്ക്കിടെ മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ അടക്കം 8 പേർക്ക് ജാമ്യം. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ അടക്കമുള്ളവര്ക്കാണു ജാമ്യം ലഭിച്ചത്. വരുൾ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. മാസത്തിൽ ഒരുതവണ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. നാഗ്പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു. നാഗ്പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ രംഗത്തെത്തി. കേരളത്തിൽ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.



