ഇസ്ലാമാബാദ്: രാജ്യത്ത് പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാകിസ്താൻ സർക്കാരിന്റെ നീക്കത്തിനെതിരെ വ്യാപാരികൾ രംഗത്ത്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനുവരി 16-ന് രാജ്യവ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന ഭീഷണിയുമായി പാകിസ്താനിലെ വ്യാപാരികൾ രംഗത്തെത്തി. സർക്കാരിന്റെ ഈ നീക്കം നികുതി വകുപ്പിന് വ്യാപാരികളെ ഉപദ്രവിക്കുന്നതിനുള്ള പുതിയ വഴി തുറന്നുകൊടുക്കുമെന്ന് അവർ ആരോപിച്ചു.

ഫെഡറൽ ബോർഡ് ഓഫ് റെവന്യുവിന്റെ (FBR) ഈ നിർദേശത്തിനെതിരെ ഇസ്ലാമാബാദിൽ പ്രതിഷേധ റാലി നടന്നു. ഇതിലാണ് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയതെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ആബ്പരാ ചൗക്കിൽനിന്ന് റെഡ് സോണിലേക്ക് പ്രകടനം നടത്താൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടർന്ന് പ്രകടനക്കാർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ട്രേഡേഴ്‌സ് ആക്ഷൻ കമ്മിറ്റിയുമായി സഹകരിച്ച് ഓൾ പാകിസ്താൻ അഞ്ജുമാനി താജ്‌റൺ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇസ്ലാമാബാദ്, റാവൽപിണ്ടി എന്നിവിടങ്ങളിലെ കടയുടമകളും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.  വൻകിട അഴിമതിയെ അഭിമുഖീകരിക്കുന്നതിനു പകരം സർക്കാർ ചെറുകിട വ്യാപാരികളെ ലക്ഷ്യമിടുകയാണെന്ന് അവർ ആരോപിച്ചു.

പിഒഎസ് മെഷീനുകൾ നിർബന്ധമാക്കുന്നത് നികുതി സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനേക്കാൾ വ്യാപാരികളെ ഭയപ്പെടുത്താനാണെന്നും ഇത് ഒരു ‘കരിനിയമം’ ആണെന്നും ഇസ്ലാമാബാദ് ട്രേഡേഴ്‌സ് ആക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റ് അജ്മൽ ബലോച് പറഞ്ഞു. 

പാകിസ്താനിൽ പ്രതിവർഷം ഏകദേശം 53 ട്രില്യൺ പാകിസ്താൻ രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും എഫ്ബിആർ ഈ തട്ടിപ്പിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തൽ ഉദ്ധരിച്ച് ബലോച് ആരോപിച്ചു. രാജ്യത്തെ എഫ്ബിആർ ഉദ്യോഗസ്ഥർക്ക് അവരുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്തുവകകൾ ഉണ്ടെന്നും അവരുടെ മക്കൾ വിദേശത്ത് വിദ്യാഭ്യാസം നടത്തുന്നുവെന്നും ആഡംബരജീവിതം നയിക്കുന്നുവെന്നും ബലോച് ആരോപിച്ചു.

സർക്കാർ നിർബന്ധിതമായി പിഒഎസ് മെഷീനുകൾ സ്ഥാപിക്കാൻ ശ്രമിക്കുകയോ കടകൾ സീൽ ചെയ്യുകയോ ചെയ്താൽ ഇസ്ലാമാബാദിലെ പ്രധാന പാത തടയുകയും ജനുവരി 16-ന് സീറോ പോയിന്റിൽ കുത്തിയിരിപ്പ് നടത്തുകയും ചെയ്യുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.