നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൻ്റെ ഗൌരവം വ്യക്തമാക്കി അദ്ദേഹം പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും വെവ്വേറെ കത്തുകൾ എഴുതി.
2025 ഡിസംബർ 30 ന് നാഗ്പൂരിൽ നടന്ന ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെയാണ് അറസ്റ്റ് നടന്നതെന്ന് സതീശൻ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറഞ്ഞു. “മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു സംഭവം നിങ്ങളുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഇത് എഴുതുന്നത്. 2025 ഡിസംബർ 30 ന് ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ കേരളത്തിൽ നിന്നുള്ള സിഎസ്ഐ പുരോഹിതൻ ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 12 വ്യക്തികളെ അറസ്റ്റ് ചെയ്തു,” അദ്ദേഹം എഴുതി. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ്ദൾ അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.



