ഫോർട്ടുകൊച്ചി: കൊച്ചിയുടെ പുതുവത്സരാഘോഷം അതിരുകടക്കുന്നത് ജനങ്ങളിൽ ആശങ്കയുണർത്തുന്നു. കൊച്ചിൻ കാർണിവൽ, ഗലാഡ കാർണിവൽ, മഴമരം, പപ്പാഞ്ഞി, ബിനാലെ തുടങ്ങിയ ആഘോഷത്തിമിർപ്പിലാണ് തീരദേശ കൊച്ചി.
തെക്ക് ചെല്ലാനം മുതൽ വടക്ക് മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി മേഖലകൾ വരെ ആഘോഷത്തിമിർപ്പിലാണ്. നാല് പതിറ്റാണ്ട് നീണ്ടപുതുവത്സരാഘോഷം കൊച്ചിക്കാർക്ക് ആശങ്കയുടെതായി മാറുകയാണ്. മുൻ കാലങ്ങളിലെ ജനത്തിരക്ക് കണക്കാക്കിനോക്കുന്പോൾ ഇത്തവണ മൂന്ന് ലക്ഷം പേരാണ്പുതുവത്സരാഘോഷത്തിനായി കൊച്ചിയിലെത്തുകയെന്നാണ് സംഘാടകരുടെ അവകാശവാദം.
ഇവർക്കായി എന്ത് സംരക്ഷണ- സുരക്ഷ സംവിധാനവും അടിസ്ഥാന സൗകര്യവുമാണ് ഭരണാധികാരികൾ നടത്തിയതെന്ന് ആരും വ്യക്തമാക്കുന്നില്ല. 2023 ൽ പാപ്പായെ കത്തിച്ചശേഷം ജനം പിരിഞ്ഞു പോ കാൻ കാട്ടിയ തിരക്കിൽ ആയിരങ്ങൾ തലനാരിഴക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൊച്ചിക്ക് പുറമേ നിന്നുമെത്തുന്നവരാണ് ആഘോഷത്തിമിർപ്പിലെന്നത് മറ്റൊരു വെല്ലുവിളിയാണ്. കഴിഞ്ഞ ഒരാഴ്ചയായി രാവിനെ പകലാക്കിയുള്ള ആഘോഷങ്ങൾക്കെത്തുന്നതിൽ ഏറെയും വിദേശികളും അന്യസംസ്ഥാനക്കാരും വടക്കൻ കേരളത്തിൽ നിന്നുള്ളവരുമാണ്. കുട്ടമായെത്തുന്ന യുവജനങ്ങൾ ആഘോഷത്തെ ആഭാസമാക്കുന്നതായി വ്യാപകമായി പരാതികളുയരുന്നുണ്ട്.
കുടുംബങ്ങളായെത്തുന്നവരും വിദേശ വിനോദസഞ്ചാരികളും സുരക്ഷഭീഷണിയിലുമാണ്. മുൻ കാലങ്ങളിൽ വിദേശ സഞ്ചാരികൾ ശാരീരിക പീഡനങ്ങൾക്കുമിരയായിട്ടുണ്ട് .
ശക്തമായ പോലീസ് നടപടികൾഅതിന് തടയിട്ടു. എന്നാൽ കൂട്ടമായെത്തുന്നവരെയും വാഹനങ്ങളും നിയന്ത്രിക്കുന്നതിൽ പോലീസിന്റെ പോരായ്മകൾ ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട് . പുതുവത്സരാഘോഷത്തിരക്കിൽ ആംബുലൻസിന് പോലും കടന്നു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായത് അധികൃതർ ഗൗരവമായി കാണണമെന്നും കൂടുതൽ പോലീസുകാരെ വിന്യസിച്ച് ആഘോഷം അതിരുകടക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.



