തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരു ദിവസമാണ് കസ്റ്റഡി കാലാവധി.
ഇതിനായി ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. മൂവർക്കും സ്വർണക്കൊള്ളയിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്വർണക്കൊള്ളയിൽ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്.



