ബെയ്ജിങ്: ഇന്ത്യ -പാകിസ്താൻ സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം അവകാശപ്പെടുന്നതിനിടെ, ഇതേ അവകാശവാദവുമായി ചൈന രംഗത്ത്. ഇന്ത്യ -പാക് സംഘർഷത്തിനു പുറമെ, വടക്കൻ മ്യാൻമർ, കംബോഡിയ -തായ്ലൻഡ്, ഇറാനിലെ ആണവ പ്രശ്നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈന ഇടപെട്ടെന്നും ആഗോള സമാധാനമാണ് ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. നേരത്തെ പാകിസ്താനുമായുള്ള സംഘർഷം ലഘൂകരിക്കാൻ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
“രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഭ്യന്തര യുദ്ധങ്ങളും അതിർത്തി കടന്നുള്ള സംഘർഷങ്ങളും ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത വർഷമാണിത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുകയാണ്. ദീർഘകാലത്തേക്ക് സമാധാനം നിലനിർത്താനായി, സംഘർഷങ്ങളുടെ കാരണം മനസ്സിലാക്കി ഇടപെടുകയാണ് ഞങ്ങൾ ചെയ്യുന്നത്. വടക്കൻ മ്യാൻമറിലെ പ്രശ്നം, ഇറാനിയൻ ആണവ പ്രതിസന്ധി, ഇന്ത്യ -പാകിസ്താൻ സംഘർഷം, ഇസ്രായേൽ -ഫലസ്തീൻ സംഘർഷം, കംബോഡിയ -തായ്ലൻഡ് സംഘർഷം എന്നിവയെല്ലാം പരിഹരിക്കാൻ ഞങ്ങൾ മധ്യസ്ഥത വഹിച്ചു” -വാങ് യീ ബെയ്ജിങ്ങിൽ പറഞ്ഞു.



