വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, മരുമകൻ ജാരെഡ് കുഷ്‌നർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്. ഇത്രയൊക്കെ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് നെതന്യാഹുവിന് മുന്നിൽ പ്രകടിപ്പിച്ചു.
‘എട്ട് യുദ്ധങ്ങൾ പരിഹരിച്ചു, അതിലൊന്ന് അസർബൈജാൻ… അത് പറയാൻ കഴിയുന്നത് നല്ല കാര്യമാണ്… പിന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ എന്നോട് പറഞ്ഞു, നിങ്ങൾ ആ യുദ്ധം പരിഹരിച്ചെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല, കാരണം ഞാൻ 10 വർഷമായി ശ്രമിക്കുകയായിരുന്നു. ഞാനത് ഒരു ദിവസം കൊണ്ട് പരിഹരിച്ചു’ട്രംപ് പറഞ്ഞു.
വ്യാപാര ഇടപാടുകൾ നിർത്തിവെക്കുമെന്ന താക്കീതിലൂടെയാണ് അത് അവസാനിപ്പിച്ചതെന്നും ട്രംപ് വ്യക്തമാക്കി. ‘ഞങ്ങൾ നിങ്ങളുമായുള്ള വ്യാപാരം നിർത്തും. ഇനി വ്യാപാരമുണ്ടാവില്ലെന്ന് അറിയിച്ചു… പിന്നെ 200 ശതമാനം തീരുവ ഏർപ്പെടുത്തി… അടുത്ത ദിവസം അവർ വിളിച്ചു… 35 വർഷത്തെ പോരാട്ടം, അവർ നിർത്തി’ ട്രംപ് കൂട്ടിച്ചേർത്തു.
വ്യാപാരക്കരാർ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഇതിനെനിക്ക് ക്രെഡിറ്റ് ലഭിക്കുമോ? ഇല്ല. ഞാൻ എട്ടെണ്ണം ചെയ്തു. ഇന്ത്യയും പാകിസ്താനും എന്തു പറയുന്നു…എന്നിട്ട് ബാക്കിയുള്ളത് ഞാൻ നിങ്ങളോട് പറയാം’ ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു.
വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി മെയ് പത്തിന് സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചതിന് ശേഷം 70ലധികം തവണ ട്രംപ് തന്റെ ഇടപെടൽ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിരന്തരമായ നിഷേധങ്ങൾക്കിടയിലും ട്രംപ് തന്റെ വാദം ആവർത്തിക്കുന്നുണ്ട്.



