ലോകമെങ്ങും തരംഗമായി മാറിയ ‘ദി ചോസൺ’ (The Chosen) എന്ന പരമ്പരയിൽ യേശുക്രിസ്തുവായി അഭിനയിക്കുന്ന ജോനാഥൻ റൂമി ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രിയപ്പെട്ട നടനാണ്. വെറുമൊരു അഭിനയത്തിനപ്പുറം തന്റെ ആത്മീയ യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഈ വേഷത്തെ കാണുന്നത്. തന്റെ ജീവിതത്തിലെ ഓരോ കയ്പ്പേറിയ അനുഭവങ്ങളും ഈ വലിയ ദൗത്യത്തിനായി ദൈവം തന്നെ ഒരുക്കിയതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. യേശുവായി മാറാൻ താൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ചും ജീവിതത്തിലുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുകയാണ്.
കുട്ടിക്കാലത്തെ കുരിശുമരണം
തന്റെ പന്ത്രണ്ടാം വയസ്സിൽ വീട്ടുമുറ്റത്ത് യേശുവിന്റെ കുരിശുമരണം ജോനാഥൻ അഭിനയിച്ചു നോക്കുമായിരുന്നു. മരപ്പലകകൾ കൂട്ടിയടിച്ച് കുരിശുണ്ടാക്കിയും, ചില്ലുകൾ കൊണ്ട് മുൾമുടി നിർമ്മിച്ചും അദ്ദേഹം ക്രിസ്തുവിന്റെ വേദനകളെ അടുത്തറിയാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് സഹപാഠികളിൽ നിന്നും മറ്റും നേരിടേണ്ടി വന്ന പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും യേശു അനുഭവിച്ച വേദനകളെ മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്ന് റൂമി പറയുന്നു. തന്റെ ഉള്ളിലെ പഴയ മുറിവുകളെ ദൈവത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പരമ്പരയിലെ കുരിശുമരണ രംഗങ്ങളിൽ അഭിനയിച്ചത്.
പ്രാർഥനയും വേദനയും
പരമ്പരയുടെ ആറാം സീസണിൽ യേശുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിക്കുന്നതിന് മുൻപ് ജോനാഥൻ ഒരു പ്രത്യേക പ്രാർഥന നടത്തിയിരുന്നു. യേശു അനുഭവിച്ച വേദനയുടെ ഒരു ചെറിയ ഭാഗമെങ്കിലും അനുഭവിക്കാൻ തനിക്ക് ഇടയാക്കണമെന്നായിരുന്നു അത്. ചിത്രീകരണത്തിന് തൊട്ടുമുൻപ് വീണ് അദ്ദേഹത്തിന്റെ തോളെല്ലിന് പരിക്കേറ്റു. കഠിനമായ വേദനയോടെ കുരിശുമേന്തി നിൽക്കുമ്പോൾ, മിശിഹാ അനുഭവിച്ച സഹനത്തിന്റെ ഒരംശം താൻ അറിയുകയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ലോഹ ആണികളും മറ്റും ഉപയോഗിച്ചുള്ള ചിത്രീകരണം ശാരീരികമായി വലിയ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന് നൽകിയത്.
ജീവിതത്തിൽ വന്ന മാറ്റങ്ങൾ
യേശുവായുള്ള അഭിനയം ജോനാഥന്റെ വ്യക്തിജീവിതത്തെയും വിശ്വാസത്തെയും പൂർണ്ണമായും മാറ്റിമറിച്ചു. ഇപ്പോൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കൂടുതൽ ഭക്തിയോടെ മുട്ടുകുത്തിയാണ് അദ്ദേഹം അത് സ്വീകരിക്കുന്നത്. “ദൈവം എന്നെ തിരഞ്ഞെടുത്തു, ഞാനതിന് സമ്മതം മൂളി” എന്നാണ് തന്റെ വേഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. പത്ത് വർഷമായി തുടരുന്ന ഈ യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയോഗമാണെന്നും, പരമ്പര അവസാനിച്ചാലും ക്രിസ്തുവുമായുള്ള ഈ ആത്മബന്ധം എന്നും നിലനിൽക്കുമെന്നും ജോനാഥൻ റൂമി കൂട്ടിച്ചേർത്തു.



