ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ ആർഎസ്എസ്-ബിജെപി പ്രശംസ ഉയർത്തിയ വിവാദം കെട്ടടങ്ങുംമുമ്പ് ആർഎസ്എസിനെതിരായ പരാമർശവുമായി വിവാദം സൃഷ്ടിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. ആർഎസ്എസ് എന്ന സംഘടന അൽഖ്വയ്ദയ്ക്ക് സമാനമാണെന്നും ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത് വെറുപ്പ് മാത്രമാണെന്നും മാണിക്കം പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്നവരിൽ നിന്ന് നല്ലതൊന്നും പഠിക്കാനുണ്ടാവില്ലെന്നും സിങ്ങിനുള്ള മറുപടിയായി മാണിക്കം പറഞ്ഞു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെയും പഴയ ചിത്രം പങ്കുവെച്ച് അവരുടെ പാർട്ടിയുടെ സംഘടനാശക്തിയെ പ്രശംസിച്ചുകൊണ്ട് സിങ്ങ് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ഒരു സാധാരണ പ്രവർത്തകനെ ‘സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും’ ആക്കിയെന്നും അത് അവരുടെ സംഘടനാപാടവം കൊണ്ടാണെന്നും ആയിരുന്നു സിങ്ങിന്റെ പരാമർശം.
കോൺഗ്രസ് പാർട്ടിയിൽ ഇങ്ങനെ ഉയർന്നുവന്ന ഒരാളെ കാണിക്കാമോ എന്ന ചോദ്യമുയർത്തിക്കൊണ്ടുള്ള ഈ പോസ്റ്റ് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾക്ക് വഴിവെക്കുകയും സംഘപരിവാർ ക്യാമ്പിൽ നിന്ന് പരിഹാസങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. പിന്നാലെ, ആർഎസ്എസിന്റെ സംഘടനാമികവിനെയാണ് പ്രശംസിച്ചതെന്നും അവരുടെ ആശയങ്ങളോട് ഇപ്പോഴും എതിർപ്പുതന്നെയാണെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
ഈ സംഭവവികാസങ്ങൾക്ക് തൊട്ടടുത്ത ദിവസമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആർഎസ്എസിനെ അൽഖ്വയ്ദയുമായി താരതമ്യപ്പെടുത്തി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘ആർഎസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത സംഘടനയാണ്, അത് വെറുപ്പ് പ്രചരിപ്പിക്കുന്നു. വെറുപ്പിൽ നിന്ന് പഠിക്കാൻ ഒന്നുമില്ല. നിങ്ങൾക്ക് അൽഖ്വയ്ദയിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമോ? അൽഖ്വയ്ദ വെറുപ്പിന്റെ സംഘടനയാണ്. അത് മറ്റുള്ളവരെ വെറുക്കുന്നു. ആ സംഘടനയിൽ നിന്ന് പഠിക്കാൻ എന്തുണ്ട്?’ മാണിക്കം ടാഗോർ എഎൻഐയോട് പറഞ്ഞു.
മാണിക്കത്തിന്റെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പിന്തുണച്ചു. ഒരു സാമൂഹിക സംഘടന എന്ന നിലയിലുള്ള ആർഎസ്എസിന്റെ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. ‘അവർ (ആർഎസ്എസ്) ഒരു സാമൂഹിക സംഘടനയാണെങ്കിൽ, മറ്റുള്ളവർക്ക് ജനാധിപത്യത്തിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത വിധം സംവിധാനത്തെ സ്വാധീനിക്കാൻ അവർ എന്തിന് ശ്രമിക്കുന്നു?’ ഖുർഷിദ് ചോദിച്ചു.
‘അവർ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയും അവർ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന സന്ദേശവും തുറന്നുകാട്ടാനുള്ള ദൃഢനിശ്ചയത്തിലാണ് കോൺഗ്രസ്. ഞങ്ങൾ ഇതിന് അറുതി വരുത്താൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഇതിനോട് പ്രതികരിക്കാനും ഒരു ബദൽ സൃഷ്ടിക്കാനും കഴിയും. കാരണം ഞങ്ങളുടെ പ്രതികരണവും ചിന്തയും സന്ദേശവും അവരുടേതിനേക്കാൾ വളരെ മികച്ചതാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി വക്താവ് ഷഹ്സാദ് പൂനാവാല മാണിക്യത്തിന്റെ പരാമർശത്തെ ശക്തമായി എതിർത്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദാഹത്തിൽ കോൺഗ്രസ് ഇപ്പോൾ സമനിലതെറ്റിയ അവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളെയും സനാതനത്തെയും സേനയെയും ഭാരതത്തെയും അപമാനിച്ചതിന് ശേഷം, ഇപ്പോൾ അവർ ഒരു ദേശീയ സംഘടനയെയും ലക്ഷ്യമിടുന്നു. കഴിഞ്ഞ 100 വർഷമായി ദേശീയ സമർപ്പണത്തിനും ദേശീയ സേവനത്തിനും പ്രവർത്തിച്ച ഒരു സംഘടനയെക്കുറിച്ച്, ഇവർ ഭീകരരാണ് എന്ന് പറയുന്നു. എന്നാൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അവർക്ക് ഒന്നും പറയാനില്ല. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ എല്ലാറ്റിനും മുകളിൽ വെച്ചിരിക്കുന്നു. അവർക്ക് സമനില തെറ്റിയിരിക്കുന്നു.’ പൂനാവാല പറഞ്ഞു.



