സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം അവസാനിപ്പിക്കാൻ കീവ് തിടുക്കം കാണിക്കുന്നില്ലെന്ന് മോസ്കോ വിശ്വസിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നയതന്ത്രം പരാജയപ്പെട്ടാൽ റഷ്യ തങ്ങളുടെ “പ്രത്യേക സൈനിക നടപടി” യുടെ എല്ലാ ലക്ഷ്യങ്ങളും ബലപ്രയോഗത്തിലൂടെ നേടുമെന്ന് മുന്നറിയിപ്പ് നൽകി. യുക്രെയ്‌നിനെതിരെ റഷ്യൻ സൈനിക നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് പുടിന്റെ പ്രസ്താവനകൾ.  റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ്  ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

കീവിലും  പരിസര പ്രദേശങ്ങളിലും റഷ്യ 500 ഓളം ഡ്രോണുകളും 40 മിസൈലുകളും വിക്ഷേപിക്കുകയും കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രസ്താവന. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയ്ക്ക് ഉദ്ദേശ്യമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് 10 മണിക്കൂർ നീണ്ടുനിന്ന ബോംബാക്രമണമെന്ന് സെലെൻസ്‌കിയും പറഞ്ഞു. 

റഷ്യൻ സൈനിക കമാൻഡ് പോസ്റ്റ് സന്ദർശിച്ച പുടിൻ, അവിടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെറാസിമോവിൽ നിന്നും റഷ്യൻ സേനയുടെ സെന്റർ, ഈസ്റ്റ് ഗ്രൂപ്പിംഗുകൾക്ക് മേൽനോട്ടം വഹിക്കുന്ന കമാൻഡർമാരിൽ നിന്നും വിശദീകരണങ്ങൾ സ്വീകരിച്ചതായി ക്രെംലിൻ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ യുക്രെയ്നിലെ ഡൊണെറ്റ്സ്ക്, സപോരിജിയ മേഖലകളിലെ പട്ടണങ്ങൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി പറഞ്ഞുകൊണ്ട് റഷ്യൻ ഉദ്യോഗസ്ഥർ പുതിയ പ്രദേശിക നേട്ടങ്ങൾ അവകാശപ്പെടുകയും ചെയ്തു.