ബോളിവുഡ് ചിത്രം ദൃശ്യം 3-ൽ നിന്ന് പിന്മാറിയ നടൻ അക്ഷയ് ഖന്നയ്‌ക്കെതിരെ നിയമനടപടിയുമായി നിർമാതാവ്. കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതായി നിർമാതാവ് കുമാർ മംഗത് പതക് അറിയിച്ചു. ദൃശ്യം 3-ന്റെ ഭാഗമാകാനില്ലെന്ന് ടെക്സ്റ്റ് മെസേജിലൂടെയാണ് താരം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അക്ഷയ് ഖന്നയ്ക്ക് കഴിഞ്ഞമാസം അഡ്വാൻസ് തുക നൽകിയശേഷമാണ് കരാറിൽ ഒപ്പുവെച്ചതെന്നും നിർമാതാവ് പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ അക്ഷയ് ഖന്നയ്ക്ക് പകരം മറ്റൊരു അഭിനേതാവിനെ തിരഞ്ഞെടുത്തുവെന്നും കുമാർ മംഗത് പതക് പറഞ്ഞു. അക്ഷയ് അവതരിപ്പിക്കേണ്ടിയിരുന്ന വേഷം ജയ്ദീപ് അഹ്‌ലാവതാണ് ഇനി ചെയ്യുക.

‘രണ്ടുവർഷമായി ഞങ്ങൾ ദൃശ്യം 3-ന്റെ ജോലികളിലാണ്. അക്ഷയിന് ഇക്കാര്യം വ്യക്തമായി അറിയാം. ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും ഞങ്ങൾ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുകയും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് പ്രതിഫലം സംബന്ധിച്ച് ഞങ്ങൾ മൂന്നുതവണ ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. തുടർന്ന് കരാറിലൊപ്പിടുകയും അഡ്വാൻസ് നൽകുകയും ചെയ്തു.’ -കുമാർ മംഗത് പതക് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

‘അക്ഷയ് ഖന്ന വക്കീൽ നോട്ടീസിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാർ പാലിക്കണമെന്നും ഇല്ലെങ്കിൽ താങ്കൾക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് കഴിഞ്ഞയാഴ്ച അയച്ച നോട്ടീസിൽ പറഞ്ഞത്. എന്നാൽ ഒരാഴ്ചയ്ക്കിപ്പുറവും അക്ഷയ് നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിനെതിരായ അടുത്ത നടപടി ഞങ്ങൾ ഉടൻ തീരുമാനിക്കും.’ -അദ്ദേഹം തുടർന്നു.

സ്റ്റാർ സ്റ്റുഡിയോ 18-ന്റെ ബാനറിൽ അലോക് ജെയിൻ, അജിത് അന്ധാരേ, കുമാർ മംഗത് പതക്, അഭിഷേക് പതക് എന്നിവരാണ് ദൃശ്യം 3 നിർമിക്കുന്നത്. അഭിഷേക് പതക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അജയ് ദേവഗൺ, തബു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്തയോടുള്ള പ്രതികരണം തേടി മാധ്യമങ്ങൾ അക്ഷയ് ഖന്നയെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.