യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അവതരിപ്പിക്കാനിരിക്കുന്ന 20 ഇന സമാധാന പദ്ധതിയോട് കർശനമായ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ഫ്ലോറിഡയിൽ വെച്ച് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം.

“ഞാൻ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന് (സെലൻസ്‌കിക്ക്) ഒന്നുമില്ല. അതുകൊണ്ട് അദ്ദേഹം എന്ത് പദ്ധതിയുമായാണ് വരുന്നത് എന്ന് നമുക്ക് നോക്കാം,” പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കയുടെ പിന്തുണയില്ലാതെ ഉക്രൈന്റെ ഒരു നീക്കവും വിജയിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപ് ഇതിലൂടെ നൽകിയിരിക്കുന്നത്.

അതേസമയം, സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി താൻ ഉടൻ സംസാരിക്കുമെന്നും അത് തന്റെ ഇഷ്ടപ്രകാരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സെലൻസ്‌കിയെ കൂടാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ വാരാന്ത്യത്തിൽ ട്രംപിനെ സന്ദർശിക്കാനെത്തുന്നുണ്ട്.