തിരുവനന്തപുരം : തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ച് അഭിനന്ദിച്ചുവെന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. പിന്നീട് വിവി രാജേഷുമായി കണക്ട് ചെയ്തപ്പോൾ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോകുകയാണെന്ന് അറിയിച്ചുവെന്നും “ആവട്ടെ, അഭിനന്ദനങ്ങൾ” എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം ഇങ്ങനെ

“ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.

താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു”.

തിരുവനന്തപുരം ഭരിക്കാൻ വിവി രാജേഷ്

തിരുവനന്തപുരം കോർപറേഷൻ്റെ മേയറായി ബിജെപി നേതാവ് വിവി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കോർപറേഷൻ മേയറായി ബിജെപി നേതാവ് തെരഞ്ഞെടുക്കപ്പെടുന്നത്. 100 അംഗ കോർപറേഷനിൽ 51 അംഗങ്ങളുടെ പിന്തുണയോടെ ആണ് വിവി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ആശാനാഥ് ജിഎസ് ആണ് ബിജെപി സ്ഥാനാർഥി.

തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവായ അഡ്വ. വിവി രാജേഷ് ഇത്തവണ കൊടുങ്ങന്നൂർ വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സ്ഥാനാർഥിയേക്കാൾ 515 വോട്ടുകൾ നേടിയാണ് രാജേഷിന്റെ വിജയം. 2020ൽ പൂജപ്പുര വാർഡിൽനിന്ന് മത്സരിച്ച വിവി രാജേഷ് 1,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.