ഒട്ടാവ: കാനഡയിലെ ടൊറൻ്റോയിൽ രണ്ട് ആഴ്ചക്കിടെ രണ്ട് ഇന്ത്യൻ പൗരന്മാർ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന് ഞെട്ടലും ആശങ്കയും ഉണ്ടാക്കി. ഇന്ത്യൻ ഗവേഷക വിദ്യാ‍ർഥിയായ ശിവങ്ക് അവസ്തി (20) കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോയുടെ സ്കാ‍‍ർബറോയിലുള്ള ക്യാമ്പസിലെ വിദ്യാർഥിയായിരുന്നു ശിവങ്ക് അവസ്തി. നേരത്തെ, ഇന്ത്യക്കാരിയായ ഹിമാൻഷി ഖുറാന ആണ് കൊല്ലപ്പെട്ടത്.

ഡിസംബർ 23ന് ക്യാമ്പസിന് സമീപമുള്ള ഹൈലാൻഡ് ക്രീക്ക് ട്രെയിൽ, ഓൾഡ് കിങ്സ്റ്റൺ റോഡ് മേഖലയിൽവെച്ച് വെടിയേറ്റാണ് ശിവങ്ക് അവസ്തി കൊല്ലപ്പെട്ടതെന്ന് ടൊറൻ്റോ പോലീസ് അറിയിച്ചു. വൈകുന്നേരം മൂന്നരയോടെ വെടിവെപ്പിനെക്കുറിച്ചു വിവരം ലഭിച്ചതിനെ തുട‍ർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ശിവങ്കിന് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പോലീസ് എത്തുംമുൻപേ കൊലയാളികൾ രക്ഷപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.

ടൊറൻ്റോ സൺ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, ശിവങ്ക് അവസ്തിയുടെ കൊലപാതകം, ടൊറൻ്റോയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത 41-ാമത്തെ കൊലപാതക സംഭവമാണ്. സംഭവത്തിൽ ശിവങ്കിൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും ടൊറൻ്റോയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ശിവങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ എക്സിലൂടെ അറിയിച്ചു.

ടൊറൻ്റോയിലെ സ്ട്രാച്ചൻ അവന്യു ആൻ്റ് വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റിൽ കഴിഞ്ഞ ആഴ്ച ആണ് ഇന്ത്യൻ വിദ്യാർഥിയായ ഹിമാൻഷി ഖുറാന (30) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച കനേഡിയൻ നിയമനിർവഹണ അധികൃതർ യുവതിയുടെ പങ്കാളിയായ അബ്ദുൾ ഗഫൂറി (32) ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡിസംബർ 19ന് രാത്രിയിൽ യുവതിയെ കാണാനില്ലെന്ന ഫോൺ കോളിനെ തുടർന്നാണ് ടൊറൻ്റോ പോലീസ് അന്വേഷണം തുടങ്ങിയത്. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ യുവതിയുടെ വീട്ടിൽതന്നെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന അബ്ദുൾ ഗഫൂറിയെ പിടികൂടാനായി പോലീസ് രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾക്കെതിരായ കുറ്റം തെളിഞ്ഞാൽ പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവുശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ട്.