ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ പാരമ്പര്യങ്ങൾക്കും ആഘോഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു മതവിഭാഗത്തിന് നേരെയുള്ളതല്ലെന്നും മറിച്ച് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ആരാധനാ സ്വാതന്ത്ര്യം ഭീഷണി നേരിടുമ്പോൾ ഓരോ ഇന്ത്യക്കാരനുമാണ് ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്തെ വിവിധ പള്ളികളിലെ ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി ക്രിസ്മസ് തലേന്ന് നിരവധി പള്ളികൾ സന്ദർശിക്കാറുള്ള തനിക്ക് ഡൽഹിയിൽ നിന്നുള്ള വിമാനം വൈകിയത് കാരണം ഇത്തവണ കുറച്ച് പള്ളികളിൽ മാത്രമേ എത്താൻ സാധിച്ചുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പാതിരാകുർബാനയിലും സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.



