പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണത്തെ ന്യായീകരിച്ചും കരോൾ സംഘത്തെ അധിക്ഷേപിച്ചും ബിജെപി നേതാവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

രാജ്യത്തുടനീളം ക്രൈസ്തവർക്ക് നേരെ സംഘപരിവാർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും ഇതിന്റെ ഭാഗമാണ് പാലക്കാട്ടെ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായോ ആർഎസ്എസുമായോ ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം അവകാശപ്പെടുമ്പോഴും, അക്രമികളെ സംരക്ഷിക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.