സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുന്നതിനായി ചുവന്ന വെളിച്ചം കാണിച്ച് ട്രെയിൻ തടഞ്ഞ രണ്ട് യുവാക്കളെ ആർ.പി.എഫ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 1.50-ഓടെ എറണാകുളം-പുണെ എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.

ട്രാക്കിന് സമീപം നിന്ന് യുവാക്കൾ ചുവന്ന വെളിച്ചം മിന്നിക്കുന്നത് കണ്ട് അപകടസൂചനയാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ വേഗത കുറയ്ക്കുകയും നിർത്തുകയുമായിരുന്നു.

ലോക്കോ പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.പി.എഫ് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. ട്രെയിൻ നിർത്തുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.