അമേരിക്കയിലെ ടെക്സാസ് തീരത്തിന് സമീപം ഗാൽവെസ്റ്റണിൽ തിങ്കളാഴ്ച ഉണ്ടായ വിമാനാപകടത്തിൽ രണ്ട് വയസ്സുകാരനായ കുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. മെക്സിക്കൻ നാവികസേനയുടെ ചെറുകിട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

തിങ്കളാഴ്ച മുതൽ കാണാതായ യാത്രക്കാരന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയതോടെയാണ് ആകെ മരണസംഖ്യ ആറായി ഉയർന്നതെന്ന് നാവികസേന അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന എട്ട് പേരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇവരുടെ നില തൃപ്തികരമാണെന്നും അവർ ഇപ്പോൾ ചികിത്സയിലാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി. മെക്സിക്കോയിലെ മെറിഡയിൽ നിന്നാണ് കുഞ്ഞുമായി വിമാനം പുറപ്പെട്ടത്.