വാഷിങ്ടൺ: ഗ്രീൻലൻഡിനെ യുഎസിൻ്റെ ഭാഗമാക്കാൻ ശ്രമങ്ങളാരംഭിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ ദ്വീപും ഡെന്മാർക്കിനുകീഴിലെ അർധ സ്വയംഭരണപ്രദേശവുമായ ഗ്രീൻലൻഡിൽ പ്രത്യേക ദൂതനെ ട്രംപ് നിയമിച്ചു. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിക്കിനാണ് ഗ്രീൻലൻഡിൻ്റെ പ്രത്യേക പ്രതിനിധിയായി അധികച്ചുമതല നൽകിയത്.

ധാതുസമ്പന്നമായ ആർട്ടിക് ദ്വീപ് കയ്യടക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഊർജിതമാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിൻ്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് വടക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ യുഎസ് സൈനികതാവളമുണ്ട്. ഗ്രീൻലൻഡിനെ യുഎസിൻ്റെ ഭാഗമാക്കാനായി താൻ യത്നിക്കുമെന്ന് പദവിയേറ്റെടുത്തുകൊണ്ട് ലാൻഡ്രി എക്സിലൂടെ പ്രഖ്യാപിച്ചു.

ഗ്രീൻലാൻഡിലെ അമേരിക്കൻ താല്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും അവിടുത്തെ ജനങ്ങളുമായി ഭാവി കാര്യങ്ങളിൽ ചർച്ചകൾ നടത്താനും ലാൻഡ്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിൻ്റെ ലക്ഷ്യത്തെ പരസ്യമായി പിന്തുണച്ചവരിൽ ഒരാളാണ് ലാൻഡ്രി. സോഷ്യൽ മീഡിയയിൽ അദ്ദേഹം എഴുതിയത്, ട്രംപ് “തികച്ചും ശരിയാണ്” എന്നും ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്നുമാണ്.