ന്യൂഡൽഹി: ഇന്ത്യയിലെ കോൺസുലർ, വിസാ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ . ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ (IVAC) സുരക്ഷാ പ്രശ്നത്തെ തുടർന്ന് ഇന്ത്യ വിസ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന് പിന്നാലെയാണ് ഈ നടപടി. ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് നയതന്ത്ര കാര്യാലയത്തിന് സമീപം നടന്ന സംഘർഷഭരിതമായ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ തീരുമാനം.
‘അനിവാര്യമായ സാഹചര്യങ്ങൾ കാരണം, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്നുള്ള എല്ലാ കോൺസുലാർ, വിസ സേവനങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന എന്തെങ്കിലും ബുദ്ധിമുട്ടുകൾക്ക് ഖേദിക്കുന്നു” ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
നേരത്തെ ചിറ്റഗോങ് നഗരത്തിലെ ഖുൽഷി മേഖലയിൽ എഎച്ച്സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളായിരുന്നു ഇന്ത്യയുടെ നീക്കത്തിന് പിന്നിൽ. ‘എഎച്ച്സിഐ ചിറ്റഗോങ്ങിൽ അടുത്തിടെയുണ്ടായ ഒരു സുരക്ഷാ പ്രശ്നം കാരണം, IVAC ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ പ്രവർത്തനങ്ങൾ 21/12/2025 മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കുന്നു’. എന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നു. ഈ സേവനങ്ങൾ പുനരാരംഭിക്കുന്നത് പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായി വിലയിരുത്തിയതിന് ശേഷം തീരുമാനിക്കുമെന്നും IVAC വ്യക്തമാക്കിയിരുന്നു.
ഡിസംബർ 18 ന് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് തല്ലിക്കൊല്ലുകയും പിന്നീട് മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവം വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന സംഭവമായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്. ബംഗ്ലാദേശിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.



