അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി.
തങ്ങളുടെ ഭരണപരമായ പരാജയങ്ങൾ പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച നടത്തിയ പ്രതികരണത്തിലാണ് ഖർഗെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
കേന്ദ്രത്തിലും അസമിലും ബിജെപി അധികാരത്തിലിരിക്കുമ്പോൾ എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ സാധിക്കുകയെന്ന് ഖാർഗെ ചോദിച്ചു. അസമിൽ നിലവിൽ ഒരു ഡബിൾ എഞ്ചിൻ സർക്കാർ ആണ് ഭരണം നടത്തുന്നത്. അതിർത്തികൾ സംരക്ഷിക്കാനോ നുഴഞ്ഞുകയറ്റം തടയാനോ ആ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഭരണകക്ഷിക്കാണ്. അല്ലാതെ പ്രതിപക്ഷത്തിനല്ല.



