ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 40 ാമത് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 28 വൈകിട്ട് 4.30 ന് നടക്കും. വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 56 റിഡ്ജ്വുഡ് റോഡിലുള്ള സെന്റ് പീറ്റേഴ്സ് മാര്‍തോമ്മാ പള്ളിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

40 വര്‍ഷമായി ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് നടത്തിവരുന്ന ക്രിസ്മസ് സംഗമം ഇത്തവണയും പൂര്‍വാധികം ഭംഗിയായി നടത്താനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക രൂപത സെക്രട്ടറി റവ. ജോയല്‍ തോമസ് ക്രിസ്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ ദേവാലയ ഗായക സംഘങ്ങളുടെ ക്രിസ്മസ് ഗാനസന്ധ്യ നടക്കും. ബോസ്റ്റണില്‍നിന്നുള്ള ഐടി ഗ്രാഫിക്സ് ഷോയുണ്ടായിരിക്കും.

വിഭവസമൃദ്ധമായ ഡിന്നറോടുകൂടി നടക്കുന്ന ആഘോഷരാവിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് വൈക്ലിഫ് തോമസ്, വൈസ് പ്രസിഡന്റ് രാജന്‍ പാലമറ്റം, സെക്രട്ടറി അജു തര്യന്‍, ട്രഷറര്‍ രാജന്‍ എം മോഡയില്‍, അസിസ്റ്റന്റ് സെക്രട്ടറി ടി എം സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത്തവണത്തെ കിസ്മസ്, ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.