ഡൽഹിയിലെ അതീവ ഗുരുതരമായ വായുമലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ നടക്കാനിരുന്ന നിർണ്ണായക ചർച്ച നടന്നില്ല. വെള്ളിയാഴ്ച രാവിലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെയാണിത്.

ഡിസംബർ ഒന്നിന് ആരംഭിച്ച സമ്മേളനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ബില്ലുകളുടെ ചർച്ചയോടെയാണ് അവസാനിച്ചത്.

വടക്കേ ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു ഈ തീരുമാനം. എന്നാൽ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന ‘ജി റാം ജി’ (G RAM G) ബില്ലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ധമായി.