ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാലുക ഉപസിലയിലെ ദുബാലിയ പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയായ ദീപു ചന്ദ്ര ദാസാണ് കൊല്ലപ്പെട്ടത്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. രാത്രി ഒൻപത് മണിയോടെ ദീപുവിനെ പിടികൂടിയ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതായും ബിബിസി ബംഗ്ല റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും മൃതദേഹം വീണ്ടെടുക്കുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൈമെൻസിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ നിയമനടപടികൾ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.