ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടയറുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ ഉണ്ടായിരുന്ന മറ്റേതെങ്കിലും വസ്തു തട്ടിയതാകാം ടയർ പൊട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും തകർന്നതായി ലാൻഡിംഗിന് ശേഷമുള്ള പരിശോധനയിൽ കണ്ടെത്തി. ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.



