ബുധനാഴ്ച ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഒരൊറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതോടെ ആരാധകർ രോഷാകുലരായി.
“ഞങ്ങളുടെ പണം തിരികെ നൽകൂ” എന്ന മുദ്രാവാക്യങ്ങളുമായി ടിക്കറ്റെടുത്ത കാണികൾ സ്റ്റേഡിയത്തിൽ പ്രതിഷേധിച്ചു. മഴയോ കൊടുങ്കാറ്റോ കാരണമല്ല, മറിച്ച് ഉത്തരേന്ത്യയിലെ ശൈത്യകാലത്ത് പതിവായുള്ള കനത്ത മൂടൽമഞ്ഞ് (Fog) മൂലമാണ് ഒരു അന്താരാഷ്ട്ര മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്നത്.
ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് പുലർച്ചെയും വൈകുന്നേരങ്ങളിലും കാഴ്ചപരിധി (Visibility) കുറയുമെന്നത് സ്കൂൾ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ഈ സമയത്ത് മത്സരം ക്രമീകരിച്ച ബിസിസിഐയുടെ തീരുമാനമാണ് പാളിയത്. മുൻപ് ചണ്ഡീഗഢിലും ധർമ്മശാലയിലും നടന്ന മത്സരങ്ങളിൽ ഇത്തരമൊരു പ്രതിസന്ധിയിൽ നിന്ന് ബിസിസിഐ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ലഖ്നൗവിൽ ഭാഗ്യം തുണച്ചില്ല.



