വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. സാധുവായ മലിനീകരണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന ‘നോ പി യു സി, നോ ഫ്യൂവൽ’ നിയമം കർശനമായി നടപ്പിലാക്കി തുടങ്ങി.
കൂടാതെ ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ്-6 നിലവാരമില്ലാത്ത സ്വകാര്യ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
പുതിയ നിയമം നടപ്പിലാക്കുന്നതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും വോയിസ് അലർട്ട് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും പമ്പുകളിൽ ഉണ്ടാകും. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി 126 ചെക്ക് പോയിന്റുകളിലായി 580 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.



