തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK 2025) പാലസ്തീൻ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ, സെർജി ഐസൻസ്റ്റീൻ്റെ ക്ലാസിക് ചിത്രം ‘ബാറ്റിൽഷിപ്പ് പോട്ടെംകിൻ’ ഉൾപ്പെടെ 19 സിനിമകളുടെ പ്രദർശനം സെൻസർ ഇളവ് ലഭിക്കാത്തതിനെ തുടർന്ന് നിർത്തിവെച്ചു. കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
ഡിസംബർ 12 മുതൽ 19 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഈ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് അനുമതി തേടി കേന്ദ്ര വാർത്താവിതരണ മന്ത്രാലയവുമായി ചർച്ചകൾ നടക്കുകയാണ്. ഡിസംബർ 15 ന് വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ‘ബാറ്റിൽഷിപ്പ് പോട്ടെംകിൻ’ റദ്ദാക്കിയതായി ഐ.എഫ്.എഫ്.കെ. സന്ദേശത്തിൽ അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



