ജപ്പാൻറെ വടക്കുകിഴക്കൻ തീരത്തുണ്ടായ തീവ്രഭൂചലനത്തിന് പിന്നാലെ ‘മെഗാക്വേക്ക്’ (Megaquake) അഥവാ അതിശക്തമായ ഭൂചലനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ആശങ്ക വർദ്ധിപ്പിക്കുന്നു. തിങ്കളാഴ്‌ച (08.12.2025) രാത്രി ജപ്പാൻറെ വടക്കുകിഴക്കൻ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെയാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ ഭൂകമ്പത്തെ തുടർന്ന് 40-50 സെൻ്റീമീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചതിനു പിന്നാലെയാണ് അധികൃതർക്ക് ആശങ്കയായി പുതിയ മുന്നറിയിപ്പ് വന്നത്.
വിനാശകരമായ, 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന് പിന്നാലെ സുരക്ഷ ഉറപ്പാക്കാൻ 90,000 പേരെയാണ് അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിലും കൂടുതൽ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ജപ്പാൻ കാലാവസ്‌ഥാ ഏജൻസിയായ ജെഎംഎയാണ് മെഗാക്വേക്ക് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഉടൻ തന്നെ ഒരു മെഗാക്വേക്കിന് സാധ്യതയില്ലെങ്കിലും, ജപ്പാൻ മേഖലയിൽ ഒരു ഭീമൻ മെഗാക്വേക്ക് സംഭവിക്കാനുള്ള സാധ്യത മുൻപുള്ളതിനേക്കാൾ കൂടുതലാണെന്നാണ് ഏജൻസി മുന്നറിയിപ്പിൽ പറയുന്നത്. മെഗാക്വേക്ക് അഥവാ ഭീമൻ ഭൂചലനങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും ഇവ വലിയ സുനാമികൾക്ക് കാരണമാകാറുണ്ട്. അതിനിടെ, ചൊവ്വാഴ്‌ച (09.12.2025) പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ജപ്പാനിൽ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഹോഞ്ചോയിൽ നിന്ന് ഏകദേശം 122 കിലോമീറ്റർ തെക്ക്, 35 കിലോമീറ്റർ താഴ്ച്‌ചയിലാണ് ഈ ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന അതിശക്തിയേറിയ ഭൂചലനത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ (ഭൂമിയുടെ ഉപരിതലത്തിലെ ഭീമാകാരമായ പാളികൾ) വലിയ സമ്മർദ്ദം സംഭവിക്കുകയും ഇത് ശക്‌തിയേറിയ ഭൂകമ്പത്തിന് കാരണമാകുകയും ചെയ്യുന്നു. ജപ്പാനിലെ നാൻകായ് ട്രഞ്ച് (ഭൂമിയുടെ പാളികൾ ചേരുന്ന ഭാഗം) മെഗാക്വേക്ക് സംഭവിക്കാൻ സാധ്യതയുള്ള മേഖലയായി വിലയിരുത്തപെടുന്നു. 1960ലെ ചിലി ഭൂകമ്പവും (9.5 തീവ്രത) 1964-ലെ അലാസ്‌ക ഭൂകമ്പവും (9.2 തീവ്രത) ഇത്തരം മെഗാക്വേക്ക് അഥവാ ഭീമൻ ഭൂചലനത്തിന് ഉദാഹരണങ്ങളാണ്.



