തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ. ശ്രീലേഖ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൻഡിഎയ്ക്ക് അനുകൂലമായ സർവേ ഫലം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് മന്ത്രി വിമർശനമുന്നയിച്ചത്.

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ഉന്നത നിയമ നിർവ്വഹണ സ്ഥാനം വഹിച്ചിരുന്ന ഒരാൾ നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീലേഖ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎക്ക് അനുകൂലമായ സർവേ ഫലം തന്റെ ഫേസ്ബുക്ക് ഹാൻഡിലിൽ പങ്കുവെച്ചതായി മുതിർന്ന സിപിഎം നേതാവായ ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.