ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം പിടിമുറുക്കുന്നു. ചൊവ്വാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ‘വളരെ മോശം’ എന്ന വിഭാഗത്തിൽ നിന്ന് ‘മോശം’ (Poor) എന്ന നിലയിലേക്ക് വായു ഗുണനിലവാരം എത്തി. മൂടൽമഞ്ഞും തണുപ്പും നിറഞ്ഞ അന്തരീക്ഷമായിരുന്നു രാവിലെ ഡൽഹിയിൽ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ശൈത്യം കൂടുതൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
ഡൽഹിയിലെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 293 ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഇത് 318 ആയിരുന്നു. ആനന്ദ് വിഹാർ (319), ബവാന (343) എന്നിവിടങ്ങളിൽ മലിനീകരണം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച കുറഞ്ഞ താപനില 10 ഡിഗ്രിയും കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസുമാണ് പ്രവചിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്.



