കദേശം ആറ് മാസങ്ങള്‍ക്ക് മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ ജൂലായ് മാസം ആറാം തീയതി. ഇന്ത്യയിലെ സെബിബ്രിറ്റി വ്യവസായിയായ ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് അകൗണ്ടില്‍ ഒരു വീഡിയോ പങ്കുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍ ഒന്ന് എന്ന കുറിപ്പോടെയായിരുന്നു ആ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ ആകര്‍ഷിച്ച ആ ഗ്രാമം കേരളത്തിലെ കടമക്കുടി ആയിരുന്നു. ഡിസംബറില്‍ അദ്ദേഹം ഈ സ്ഥലം സന്ദര്‍ശിക്കുമെന്നും ആ കുറിപ്പില്‍ പറഞ്ഞിരുന്നു.

കൃത്യം ആറുമാസത്തിനിപ്പുറം ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് തന്നെ നല്‍കിയ ആ വാക്ക് പാലിച്ചിരിക്കുന്നു. തന്നെ ഏറെ ആകര്‍ഷിച്ച ഈ ഗ്രാമം സന്ദര്‍ശിച്ചിരിക്കുകയാണ് ആനന്ദ്. സ്വയം വാഹനമോടിച്ചാണ് അദ്ദേഹം കടമക്കുടിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തിയത്. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്‌യുവി വാഹനമായ ഥാര്‍ റോക്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. ഥാര്‍ ഓടിക്കുന്നതിന്റെയും കടമക്കുടിയുടെ സൗന്ദര്യത്തിന്റെയും ദൃശ്യങ്ങള്‍ അദ്ദേഹം ഒരിക്കല്‍ കൂടി എക്‌സില്‍ പങ്കുവെച്ചു.

ഞാന്‍ എനിക്ക് തന്നെ നല്‍കിയ ഒരു വാക്ക് പാലിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്ന ഞങ്ങളുടെ ഗ്രൂപ്പിന്റെ 101-ാം വാര്‍ഷിക നേതൃത്വ സമ്മേളനത്തിന് ശേഷം, വെള്ളിയാഴ്ച ഞാന്‍ കടമക്കുടി കാണാനായി പോയി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നെന്ന വിശേഷണത്തിന് കടമക്കുടി അര്‍ഹമാണോയെന്ന് കണ്ടറിയുന്നതിനായിരുന്നു ആ യാത്രയെന്ന വാക്കുകളോടെയാണ് ആനന്ദ് മഹീന്ദ്രയുടെ എക്‌സിലെ കുറിപ്പ് ആരംഭിക്കുന്നത്.

ശുദ്ധവും തെളിഞ്ഞതുമായി കായല്‍ കണ്ണെത്താ ദൂരത്തോളം ശാന്തമായങ്ങനെ കിടക്കുന്നു. അവയിലൂടെ ചെറിയ വള്ളങ്ങള്‍ നീങ്ങുന്നത് കാണാം. കൊക്കുകളും നീര്‍കാക്കകളുമെല്ലാം ആ വെള്ളത്തില്‍ സ്വയം ശുദ്ധമാകുന്നതും കാണാം. ഇത് അങ്ങേയറ്റം മനംമയക്കുന്ന കാഴ്ചയായിരുന്നു. ചില കാഴ്ചകള്‍ നമ്മളെ ആകര്‍ഷിക്കുക മാത്രമല്ല. അത് നമ്മളെ പുതുക്കുകയും ചെയ്യും. വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുമാണ് ഇതിലെ താന്‍ വാഹനമോടിച്ചതെന്നും പറഞ്ഞാണ് ആ കുറിപ്പ് അവസാനിക്കുന്നത്.