ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കർശനമായി പാലിക്കാൻ കേന്ദ്രം എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി.

“അവസരവാദപരമായ വിലനിർണ്ണയത്തിൽ” നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവിൽ, നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ നിന്ന് നിരക്ക് നിലവാരത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായാൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

“നിലവിലുള്ള തടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നത് സംബന്ധിച്ച ആശങ്കകൾ സിവിൽ ഏവിയേഷൻ മന്ത്രാലയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്,” സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.