നൈജീരിയയിലുടനീളം സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നൈജീരിയൻ പ്രതിരോധ മന്ത്രി മുഹമ്മദ് ബദരു അബൂബക്കർ രാജിവച്ചതായി പ്രസിഡന്റ് ഓഫീസ് അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അബൂബക്കർ രാജിവയ്ക്കുകയാണെന്ന് പ്രസിഡന്റിന്റെ വക്താവ് ബയോ ഒനാനുഗ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ എന്താണ് ആരോഗ്യ പ്രശ്നമെന്ന് വ്യക്തമല്ല.
2023 ഓഗസ്റ്റിലാണ് അബൂബക്കർ സ്ഥാനമേൽക്കുന്നത്. തന്റെ തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം പ്രസിഡന്റ് ബോല ടിനുബുവിന് ഒരു കത്ത് എഴുതുകയായിരുന്നു. പ്രസിഡന്റ് തന്റെ രാജി സ്വീകരിച്ചതായും “രാജ്യത്തിനായുള്ള അബൂബക്കറിന്റെ സേവനങ്ങൾക്ക്” നന്ദി പറഞ്ഞതായും ടിനുബുവിന്റെ ഓഫീസ് അറിയിച്ചു.
അബൂബക്കറിന് പകരക്കാരനായി, വിരമിച്ച 58 കാരനായ ജനറൽ ക്രിസ്റ്റഫർ മൂസയെ പ്രസിഡന്റ് ബോല ടിനുബു നാമനിർദ്ദേശം ചെയ്തു. 2023 ജൂൺ മുതൽ 2025 ഒക്ടോബർ വരെ നൈജീരിയയുടെ പ്രതിരോധ സ്റ്റാഫ് മേധാവിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടണ്ട്. രാജ്യത്തെ ഏറ്റവും പരിചയസമ്പന്നരായ സൈനിക തന്ത്രജ്ഞരിൽ ഒരാളായാണ് മൂസ അറിയപ്പെടുന്നത്.
നൈജീരിയയിൽ കൂട്ട തട്ടിക്കൊണ്ടുപോകലുകൾ വളരെക്കാലമായി നടക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ സായുധ കൊള്ളക്കാരുടെ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ഞായറാഴ്ചയും വടക്കൻ മേഖലയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു ക്രിസ്ത്യൻ പാസ്റ്റർ, ഒരു മുസ്ലീം വധുവും അടക്കം 20 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. മധ്യ നൈജർ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സ്കൂളിലെ 250 ഓളം സ്കൂൾ കുട്ടികളെയും 12 അധ്യാപകരെയും ഇപ്പോഴും കാണാനില്ലെന്ന വാർത്തകളും ഉണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 490 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.



