ഭീമ കൊറേഗാവ് കേസിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസറായ ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, രഞ്ജിത്‌സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മാവോവാദ ബന്ധം ആരോപിക്കപ്പെട്ട് 2020 ജൂലൈ 28-ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത വ്യക്തിയാണ് ഹാനി ബാബു.

നേരത്തെ അദ്ദേഹം ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്ന് ആ ഹർജി പിൻവലിക്കുകയായിരുന്നു.തുടർന്ന്, കേസിൽ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വർഷവും രണ്ട് മാസവുമായി ജയിലിൽ കഴിയുകയാണെന്നും കേസിൽ വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

എന്നാൽ, കേസിലെ മറ്റ് പ്രതികളായ റോണാ വിൽസൺ, സുധീർ ധവാലെ എന്നിവർ ജയിലിൽ കിടന്നത്രയും കാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദമുയർത്തി. ഈ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി പ്രൊഫസർക്ക് ജാമ്യം അനുവദിച്ചത്.