ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. മദീനയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിന് ഭീഷണി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, യുഎഇയിലെ ഷാർജയിൽ നിന്ന് പറന്നുയർന്ന വിമാനം ബോംബ് ഭീഷണി സന്ദേശത്തെ തുടർന്നാണ് ആകാശത്തുവെച്ച് വഴിതിരിച്ചുവിട്ട് മുംബൈയിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്തിൽ എല്ലാ പരിശോധനകളും പൂർത്തിയാക്കി എന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം ഉടൻ തന്നെ ഹൈദരാബാദിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.