റിവ്യൂ വീഡിയോകളുടെ പേരില്‍ സ്ഥാപനങ്ങളുടെ സല്‍പ്പേര് തകര്‍ക്കുന്നതില്‍ നിന്ന് യൂട്യൂബര്‍മാരെ തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഒരു കമ്പനിയുടെ വ്യാപാര സ്വാതന്ത്ര്യത്തിന്മേല്‍ (ആര്‍ട്ടിക്കിള്‍ 19(1)(g) പ്രകാരം ഉറപ്പുനല്‍കുന്നത്) യൂട്യൂബര്‍ നടത്തിയ തെറ്റായ പ്രസ്താവനകള്‍ യുക്തിരഹിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ നിരീക്ഷിച്ചു.
തേനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമ ചെന്നൈ സ്വദേശിയായ യൂട്യൂബർക്കെതിരെ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നടപടി. ഉൽപ്പന്നത്തെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ ഉൾപ്പെടുത്തിയ വീഡിയോകൾ നിർമ്മിക്കുന്നതിൽ നിന്ന് യൂട്യൂബറെ കോടതി വിലക്കി.
കൂടാതെ, യൂട്യൂബ് പ്ലാറ്റ്‌ഫോമിൽനിന്ന് അപകീർത്തികരമായ വീഡിയോ നീക്കം ചെയ്യാനും കമ്പനിക്കെതിരെ തുടർന്ന് വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് യൂട്യൂബറെ വിലക്കാനും കോടതി നിർദ്ദേശിച്ചു. യൂട്യൂബർ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ കമ്പനിയുടെ സൽപ്പേരിനെ മാത്രമല്ല, അതിന്റെ ബിസിനസ്സ് സാധ്യതകളെയും വാണിജ്യപരമായ നിലനിൽപ്പിനെയും ബാധിക്കുമെന്നും കോടതി വിലയിരുത്തി.
ജലശുദ്ധീകരണ കമ്പനിയാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ ഉൽപ്പന്നത്തിനെതിരെ യൂട്യൂബർ ഉള്ളടക്കം നിർമ്മിക്കുന്നത് തടയണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. യൂട്യൂബർ നടത്തിയ ദോഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ ഉൽപ്പന്നത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനമനസ്സിൽ അനാവശ്യമായ സംശയങ്ങൾ സൃഷ്ടിക്കുകയും ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങുന്നതിൽനിന്ന് മടിക്കുകയും ചെയ്യുന്നതായി കമ്പനി കോടതിയിൽ വാദിച്ചു.



