നവംബർ 27 മുതൽ ഡിസംബർ രണ്ടുവരെ തുർക്കിയിലേക്കും ലെബനനിലേക്കും നടത്തിയ പ്രഥമ അപ്പസ്തോലിക യാത്രയ്ക്കു ശേഷം ലെയോ പതിനാലാമൻ മാർപാപ്പ റോമിൽ തിരിച്ചെത്തി. ആറുദിവസത്തെ സന്ദർശത്തിനു ശേഷം ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞാണ് പാപ്പ തിരിച്ചെത്തിയത്.

ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ ഏകദേശം ഒന്നരലക്ഷം പേർ പങ്കെടുത്ത ദിവ്യബലിയോടെയാണ് പാപ്പ ലെബനനിലെ സന്ദർശനം പൂർത്തിയാക്കിയത്. ലെബനനിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ദിവസത്തിൽ, പാപ്പ ആദ്യമെത്തിയത് മാനസികവൈകല്യമുള്ളവരുടെ പരിചരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് നടത്തുന്ന ആശുപത്രിയിലേക്കാണ്.

2020 ഓഗസ്റ്റിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിനു കാരണമായ സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്തെത്തി പാപ്പ നിശ്ശബ്ദമായി പ്രാർഥിച്ചു. പാപ്പയുടെ സന്ദർശനത്തിന്റെ അവസാനദിനത്തിൽ ദിവ്യബലിയിൽ സംബന്ധിക്കാനായി ഒത്തുകൂടിയത് ഏകദേശം ഒന്നരലക്ഷത്തോളം വിശ്വാസികളാണ്.