ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമാണെന്നും ഇത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ജെബി മേത്തർ എംപി. ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ബ്രിട്ടാസ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നുവെന്നത് സിപിഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് ധർമ്മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ജെബി മേത്തർ രംഗത്തെത്തിയത്.
സിപിഐ ഇനി കാര്യങ്ങൾ വ്യക്തമാക്കട്ടെ. സിപിഎം അവരെ വഞ്ചിക്കുന്ന വല്യേട്ടൻ ആണ്. മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ല. അത്ര പ്രാധാന്യമേ ഉള്ളൂ. മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണ്. ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തർ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ്വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.



