രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് 5 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കേസുമായി ബന്ധപ്പെട്ട് രാഹുലിനെ തുടർ ചോദ്യംചെയ്യൽ ആവശ്യമാണ് എന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. നിലവിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ മാത്രമാണ് തെളിവെടുപ്പ് നടത്തിയത്. കൂടുതൽ ഇടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ നിരാഹാര സമരം തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും രാഹുൽ ഈശ്വർ അറിയിച്ചു.



